പള്ളിയിലെ പാര്‍കിംഗ്; നിയമലംഘനം പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും

ഷാര്‍ജ: നിസ്‌കരിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നിടങ്ങളില്‍ മറ്റാവശ്യങ്ങള്‍ക്കെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ഷാര്‍ജ പോലീസ് . നിയമലംഘനം പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തും. റമദാന്റെ ആദ്യ ദിനങ്ങളില്‍ തന്നെ മസ്ജിദ് പാര്‍കിംഗ് ഏരിയകളില്‍ വാഹനങ്ങള്‍ അലങ്കോലമായി നിര്‍ത്തിയിടുകയും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി.

തറാവീഹ് സമയങ്ങളിലാണ് ഇവ കൂടുതല്‍ കണ്ടുവരുന്നത്. ആംബുലന്‍സുകള്‍ക്കും ഫയര്‍ ട്രക്കുകള്‍ക്കും വരെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യ സമയങ്ങളില്‍ അത്യാഹിത സ്ഥലങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ജീവനും വസ്തുക്കള്‍ക്കുമാണ് നഷ്ടം സംഭവിക്കുക. മസ്ജിദ് പരിസരങ്ങളിലെ താമസക്കാര്‍ വാഹനങ്ങള്‍ മസ്ജിദ് പാര്‍കിംഗ് ഏരിയയില്‍ നിര്‍ത്തിയിടുന്നത് കാരണം പ്രാര്‍ഥനക്കെത്തുന്നവര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ല, മേജര്‍ ഉമര്‍ ബിന്‍ ഗാനിം വ്യക്തമാക്കി.

മസ്ജിദ് പരിസരങ്ങള്‍ക്ക് പുറമെ മലീഹ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ്, ദൈദ് റോഡ്, മുഹമ്മദ് ബിന്‍ സായിദ് റോഡ് തുടങ്ങിയ എക്‌സ്റ്റേണല്‍ റോഡുകളിലും ഇന്റര്‍സെക്ഷനുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ പ്രധാന റോഡുകളിലെല്ലാം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.