വനിതാ ഡ്രൈവിംഗ്: ചരിത്രത്തിലേക്കൊരു ടോപ് ഗിയര്‍

വനിതാ ഡ്രൈവിംഗ്:
ചരിത്രത്തിലേക്കൊരു ടോപ് ഗിയര്‍

by PM Mayinkutty ( malayalamnews)
———————————-
2018 ജൂണ്‍ 24 സൗദി അറേബ്യയുടെ ചരിത്രത്തിലെ സുവര്‍ണ ദിനമാണ്. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള ഔദ്യോഗിക അനുമതിയുടെ ഈ സുദിനം ആധുനിക സൗദി അറേബ്യയുടെ സാമൂഹിക ചരിത്രത്തിലെ നാഴികക്കല്ലായി ഇടം പിടിച്ചു കഴിഞ്ഞു. സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനം ഓടിക്കുന്നതിനുള്ള സൗദി സ്ത്രീകളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടതിലൂടെ ചരിത്രത്തിലേക്കാണ് അവര്‍ ഓടിക്കയറിയത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ആധുനിക സൗദി അറേബ്യക്കായുള്ള പരിഷ്‌കരണ നടപടികളില്‍ ഏറ്റവും ശ്രദ്ധേയമായ ചവടുവെപ്പായാണ് ലോക മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തിയത്. സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്രമില്ലാത്ത, ഡ്രൈവിംഗിന് അനുമതിയില്ലാത്ത ലോകത്തിലെ ഏക രാജ്യമെന്ന പേരുദോഷമാണ് ഇതിലൂടെ തിരുത്തപ്പെട്ടത്.

വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വാഹന ഗതാഗത നിയമ ഭേദഗതിക്ക് 2017 സെപ്റ്റംബര്‍ 26 നാണ് ഭരണകൂടം അനുമതി നല്‍കിയത്. അതു പ്രാബല്യത്തില്‍ വരാന്‍ ഒന്‍പത് മാസത്തെ സാവകാശം എടുത്തത് സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായിരുന്നു. ലോകം ഉറ്റുനോക്കുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ എല്ലാവിധ പഴുതുകളും അടക്കുന്നതിനും സാമൂഹിക പരിവര്‍ത്തനത്തിനുതകും വിധം മനസ്സുകളെ പാകപ്പെടുത്തിയെടുക്കുന്നതിനും ഈ സാവകാശം ഉപകരിച്ചു.

വളയത്തിനു പിന്നില്‍ വളയിട്ട കൈകള്‍ക്കിരിക്കാനുള്ള അനുമതി നേടിയെടുക്കുന്നതില്‍ സൗദി വനിതകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം കൂടിയുണ്ട്. ഡ്രൈവിംഗ് അവകാശത്തിനായി വനിതകള്‍ ആദ്യമായി പരസ്യമായി രംഗപ്രവേശം ചെയ്തത് 1990 ലാണ്. അതില്‍ പങ്കാളികളായവര്‍ക്ക് പലവിധ ശിക്ഷകള്‍ നേരിടേണ്ടി വന്നു. എങ്കിലും അണയാതെ കിടന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരണത്തോടെ ആളിക്കത്തുകയായിരുന്നു. മറ്റു മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ലോകത്ത് എവിടെയും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാമെന്നിരിക്കേ തങ്ങളുടെ ആവശ്യം ന്യായമാണെന്ന് സ്ഥാപിക്കാന്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ വനിതകള്‍ക്കായി. അതുവഴി സാമൂഹികമായ അംഗീകാരം കൂടി അവര്‍ നേടിയെടുക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഭരണ കര്‍ത്താക്കള്‍ സ്ത്രീകളുടെ ആവശ്യം ന്യായവും ശക്തവുമാണെന്ന് മനസ്സിലാക്കി പരിവര്‍ത്തനത്തിന് നന്ദി കുറിക്കുകയായിരുന്നു. ആധുനിക ജീവിത സാഹചര്യം സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും ഒരുപോലെ ലഭ്യമാക്കാനുള്ള വാതായനമാണ് ഈ വലിയ മാറ്റത്തിലൂടെ തുറക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ അവകാശങ്ങളുടെയും ദിശയിലുള്ള സൗദി അറേബ്യയുടെ വന്‍ കുതിപ്പ് കൂടിയാണിത്.

പ്രവാസികളെ സംബസിച്ചിടത്തോളം ക്ഷീണമുണ്ടാക്കുന്നതാണെങ്കിലും തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ വന്‍ മുന്നേറ്റത്തിനും രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിനും ഇത് വഴിയൊരുക്കും. തൊഴില്‍ രംഗത്തെ വനിതാ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനുള്ള വിഷന്‍ 2030 പദ്ധതി ലക്ഷ്യം കൈവരിക്കാനും ഇതെളുപ്പമാക്കും. അര ലക്ഷത്തോളം വനിതകള്‍ ഇതിനകം ലൈസന്‍സ് സ്വന്തമാക്കി കഴിഞ്ഞു. വിദേശ ലൈസന്‍സുള്ളവര്‍ക്ക് അതു മാറ്റിയെടുക്കുന്നതിന് ഉദാര സമീപനങ്ങള്‍ സ്വീകരിച്ചും പുതുതായി ലൈസന്‍സ് എടുക്കാന്‍ ഒട്ടേറെ സൗകര്യങ്ങള്‍ എര്‍പ്പെടുത്തിയും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ ശക്തമാണ്. വരും ദിനങ്ങളില്‍ ലക്ഷക്കണക്കിനു വനിതകളായിരിക്കും ഈ രംഗത്തേക്കു കടന്നു വരിക. ഇക്കാലമത്രയും ഡ്രൈവര്‍മാരെ മാത്രം ആശ്രയിച്ചു ദൈനംദിന കാര്യങ്ങള്‍ ചെയ്തിരുന്നവര്‍ക്ക് ഇനി അതിനായി കാത്തിരിക്കുകയോ പണം ചെലവഴിക്കുകയോ വേണ്ടതില്ല. ജോലിക്കു പോകുന്നതിനും കുട്ടികളെ സ്‌കൂളുകളില്‍ ആക്കുന്നതിനും ഷോപിംഗിനും ഡ്രൈവര്‍മാര്‍ക്കായി കാത്തിരിക്കേണ്ടതില്ല.

വരും ദിനങ്ങളില്‍ ടാക്‌സി മേഖലയില്‍ സ്ത്രീ സ്വാധീനം ശക്തമായിരിക്കും. പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ കരീം, ഊബര്‍ എന്നിവിടങ്ങളില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ നൂറുകണക്കിന് സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരില്‍ പലര്‍ക്കും ദുബായില്‍ പരിശീലനം നല്‍കി ഡ്രൈവിംഗ് അനുമതി ലഭിച്ച ദിനം തന്നെ ടാക്‌സി കമ്പനികള്‍ വനിതാ ടാക്‌സികള്‍ റോഡിലിറക്കി. ഊബര്‍ കമ്പനിയുടെ ഉപയോക്താക്കളില്‍ 80 ശതമാനവും കരീം കമ്പനിയുടെ ഉപയോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ട് വനിതാ ഡ്രൈവര്‍മാര്‍ക്ക് സാധ്യതകള്‍ ഏറെയാണ്. സ്വയം തൊഴില്‍ പദ്ധതി പ്രകാരം ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് കാറുകള്‍ വാങ്ങാന്‍ പലിശരഹിത വായ്പയായി ഒന്നര ലക്ഷം റിയാല്‍ വരെ നല്‍കാന്‍ സാമൂഹിക വികസന ബാങ്ക് തയാറായിട്ടുമുണ്ട്. വാഹന വിപണിക്ക് ഉണര്‍വേകാന്‍ ഇതു സഹായിക്കും.
രാജ്യത്തിന്റെ സമ്പദ് ചോര്‍ച്ച തടയാനും ലക്ഷക്കണക്കിന് വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകം എന്നതും ഈ നടപടി കൊണ്ടുണ്ടായ വലിയ നേട്ടമാണ്.

രാജ്യത്ത് 14 ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. ആകെയുള്ള വിദേശ തൊഴിലാളികളുടെ 12 ശതമാനം വരുമിത്. ഇവരുടെ വേതനയിനത്തില്‍ 2500 കോടി റിയാല്‍ സൗദി കുടുംബങ്ങള്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നുണ്ട്. ഇതിനു പുറമെ റിക്രൂട്ട്‌മെന്റ്, വിസ, ഇഖാമ, ടിക്കറ്റ്, താമസം, ഭക്ഷണം, ചികിത്സ ഇനത്തില്‍ 1900 ലേറെ കോടി റിയാലും പ്രതിവര്‍ഷം ചെലവാക്കുന്നു. അടുത്ത പത്തു വര്‍ഷം കൊണ്ട് ഇത് പകുതിയാക്കി കുറക്കാനാവുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും വിദേശ ഡ്രൈവര്‍മാരുടെ തൊഴിലവസരം പൂര്‍ണമായും ഇല്ലാതാകാനുള്ള സാധ്യത വിരളമാണ്. കാരണം മുഴുവന്‍ സ്ത്രീകള്‍ ലൈസന്‍സ് എടുത്താലും ഡ്രൈവര്‍മാരെ ജോലിക്കു വെക്കുന്നത് കുടുംബ മഹിമയായി സ്വദേശികളില്‍ പലരും കരുതുന്നതിനാല്‍ ഡ്രൈവര്‍ തസ്തിക അവസാനിക്കാന്‍ പോകുന്നില്ല. എന്തു തന്നെയായാലും വനിതകള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കാന്‍ തുടങ്ങിയതിലൂടെ സൗദി അറേബ്യയുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക തലത്തിലെ പരിവര്‍ത്തനത്തിന്റെ നവയുഗമാണ് പിറന്നിട്ടുള്ളത്.