ഇഖാമ പുതുക്കാൻ പാർപ്പിട വാടക കരാർ ;ഇഖാമ എക്സ്പയർ ആകാതിരിക്കാൻ നിർബന്ധമായും അറിയേണ്ടത്..!!

അടുത്ത മാസം മുതൽ വിദേശികളുടെ ഇഖാമകൾ പുതുക്കാൻ താമസിക്കുന്ന ഫ്ളാറ്റിൻ്റെ വാടക കരാർ നിർബന്ധമാണു എന്ന് അധികൃതർ പ്രഖ്യാപിച്ചിരിക്കെ വാടക കരാറിനെ സംബന്ധിച്ച് വിദേശികൾ അറിയേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഇഖാമകൾ എക്സ്പയർ ആകാതിരിക്കാനും പിഴകൾ വരാതിരിക്കാനും താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണു.

പാർപ്പിട വാടക കരാർ പാർപ്പിട മന്ത്രാലയത്തിൻ്റെ ഈജാർ നെറ്റ് വർക്കുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ഇത് ബന്ധിപ്പിക്കേണ്ടത് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരാണു.

കെട്ടിട ഉടമകളിൽ നിന്ന് നേരിട്ട് റൂമുകൾ എടുത്ത് താമസിക്കുന്നവർ ഉടമയുമായി ബന്ധപ്പെട്ട് അംഗീകൃത റിയൽ എസ്റ്റേറ്റ് ഓഫീസുകൾ വഴി ഈജാർ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടാൻ ആവശ്യപ്പെടേണ്ടി വരും.

വാടകക്കാരനു ഈജാറിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കില്ല എന്നതിനാൽ റിയൽ എസ്റ്റേറ്റ് ഓഫീസുകളുമായി കെട്ടിട ഉടമക്ക് ലിങ്ക് ഉണ്ടാകൽ നിർബന്ധമാണു.അല്ലെങ്കിൽ കെട്ടിടമുടമ റിയൽ എസ്റ്റേറ്റ് ഓഫീസ് ജീവനക്കാരനായിരിക്കണം.

റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്ക് നടപടിക്രമങ്ങൾക്കുള്ള ഫീസ് നൽകേണ്ടി വരും.

അംഗീകൃത റിയൽ എസ്റ്റേറ്റ് ഓഫീസുകളുടെ വിവരങ്ങൾ ഈജാർ നെറ്റ് വർക്കിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രെജിസ്റ്റ്രേഷനു 250 റിയാലാണു കെട്ടിടമുടമ നൽകേണ്ട സർക്കാർ ഫീസ്.

രെജിസ്റ്റ്രേഷൻ പൂർത്തിയായാൽ ഉടമയുടെ അബ്ഷിർ വഴി അംഗീകാരത്തിനു സമർപ്പിക്കണം.48 മണിക്കൂറിനകം കരാർ സ്വീകരിച്ചോ തള്ളിയോ എന്നറിയിക്കുന്ന മെസ്സേജ് ഉടമയുടെ മൊബൈലിൽ എത്തും .

ചുരുക്കത്തിൽ കംബനികൾ നേരിട്ടെടുത്ത താമസസ്ഥലങ്ങളിൽ അല്ലാതെ പുറത്ത് വാടക നൽകി താമസിക്കുന്നവരെല്ലാം കാര്യങ്ങളെ ഗൗരവപൂർവ്വം സമീപിക്കേണ്ടതാണു.

കെട്ടിടമുടമയെ വാടകക്കാർ ഈ വിഷയം ബോധ്യപ്പെടുത്തുക തന്നെ വേണ്ടി വരും.