ചില ഭരണാധികാരികൾ എളുപ്പമാക്കും,ചിലർ കഠിനമാക്കും ;ശൈഖ്‌ മുഹമ്മദിന്റെ റ്റ്വീറ്റുകൾ വൈറലാകുന്നു

ദുബൈ: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പോസ്റ്റ് ചെയ്ത റ്റ്വീറ്റുകൾ വൈറലാകുന്നു. സമകാലിക പ്രളയാനന്തര വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ മലയാളികളാണു റ്റ്വീറ്റുകൾ വൈറലാക്കിയത്‌.

#ജീവിതം എന്നെ പഠിപ്പിച്ചത്‌ എന്ന ഹാഷ്‌ ടാഗിൽ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് ശൈഖ് മുഹമ്മദ്‌ റ്റ്വീറ്റുകൾ ചെയ്തിട്ടുള്ളത്‌.

ഒന്നാമത്തെ കൂട്ടർ നന്മയുടെ ഭരണാധികാരികളണാണെന്നും രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളതും കഠിനമാക്കുന്നവരാണെന്നും റ്റ്വീറ്റിൽ പറയുന്നു. പ്രളയബാധിതമായ കേരളത്തിന് യു എ ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് മുഹമ്മദിന്‍റെ റ്റ്വീറ്റ് ശ്രദ്ധേയമാകുന്നത്.

ആദ്യ റ്റ്വീറ്റിൻ്റെ അർഥം ഇങ്ങനെ വായിക്കാം:
1 . ഭരണാധികാരികൾ രണ്ടു വിധത്തിലാണ്. നന്മയുടെ താക്കോലാണു ചില ഭരണാധികാരികൾ. ജനങ്ങളെ സേവിക്കുന്നത് അവർ ഇഷ്ടപ്പെടുന്നു. ചുറ്റുമുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം. വീണ്ടും വീണ്ടും നൽകുന്നതിലാണ് അവർ മൂല്യം കണ്ടെത്തുന്നത്. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് അവർ ജീവിത നേട്ടമായി പരിഗണിക്കുന്നത്. അവർ വാതിലുകൾ തുറക്കും, പ്രശ്നപരിഹാരം നൽകും, അവർ എല്ലായ്പ്പോഴും ജനങ്ങളുടെ നന്മ അന്വേഷിച്ചു കൊണ്ടിരിക്കും.

രണ്ടാമത്തെ റ്റ്വീറ്റിൻ്റെ അർഥം ഇങ്ങനെ വായിക്കാം :
2 . രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളതും കഠിനമാക്കും. എല്ലാത്തിനെയും വിലകുറച്ച് കാണും. ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാകും അവരുടെ നിർദ്ദേശങ്ങൾ. ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതിൽക്കലും മേശക്കരികിലും എത്തിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തും.
രണ്ടാമത്തെ വിഭാഗത്തെ മറികടക്കാൻ ഇച്ഛാശക്തിയുള്ള ഒന്നാമത്തെ കൂട്ടർ ഭരിക്കുന്ന രാജ്യവും ഭരണവും മാത്രമേ വിജയിക്കൂ.

കേരളത്തിലെ പ്രളയ ദുരന്ത നിവാരണത്തിനായി വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ വലിയ ഒച്ചപ്പാടുകൾ ഉയർത്തപ്പെട്ട ഈ സമയത്താണു ദുബൈ ഭരണാധികാരിയുടെ പ്രസക്തമായ ഈ റ്റ്വീറ്റുകൾ എന്നതാണു മലയാളികളെ കൂടുതൽ ഇതിലേക്ക് ആകൃഷ്ടരാക്കാൻ കാരണം