മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ദുബൈ ശൈഖിനെക്കുറിച്ച് അറിയാം….!!!

വെബ് ഡെസ്ക് : പ്രളയ ദുരന്തത്തിന് ശേഷം നാം നിരന്തരം കേൾക്കുന്ന നാമമാണ് ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു എ ഇയിലെ ലക്ഷക്കണക്കിന് മലയാളികൾക്കും അവരുമായി ബന്ധപ്പെട്ടവർക്കും ഈ പേര് ഏറേ പ്രിയങ്കരവും സുപരിചതവുമാണു.

പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അറബിയിലും ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടതോടെ അദ്ദേഹം ലോകമെംബാടുമുള്ള മലയാളികൾക്ക് ഏറേ പ്രിയങ്കരനായി മാറിയിരിക്കുകയാണു. കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് രണ്ടുതരം ഭരണാധികാരികളെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചതും പുതിയ പശ്ചാത്തലത്തിൽ ശ്രദ്ധേയമായിരിക്കുകയാണല്ലൊ?.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെക്കുറിച്ച് ഏതാനും വിവരങ്ങൾ :

1949 ജൂലൈ 15ന് ജനിച്ച ശൈഖ് മുഹമ്മദ് യു എ ഇയുടെ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായിയുടെ ഭരണാധികാരിയും. 2010ൽ പ്രഖ്യാപിച്ച ‘യുഎഇ വിഷൻ 2021’ ശ്രദ്ധേയമായ പദ്ധതിയാണ്. 2021 ഓടെ, ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നായി യുഎഇയെ മാറ്റുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.

തുല്യവേതനത്തിനു വേണ്ടി പുതിയ നിയമം പാസാക്കിയും ജനങ്ങളിൽ നിന്ന് ഈദ് ആശംസകൾ നേരിട്ട് സ്വീകരിച്ചും ഒക്കെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. കഴിഞ്ഞ റംസാൻ മാസത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 700 തടവുകാരെയാണ് അദ്ദേഹത്തിന്‍റെ ഉത്തരവുപ്രകാരം മോചിപ്പിച്ചത്.

ഒരു കവിയും യോദ്ധാവുമായ അദ്ദേഹം കുതിരസവാരിയും ഡ്രൈവിംഗും വളരെയധികം ഇഷ്ടപ്പെടുന്നയാളാണ്. വില്യം രാജകുമാരനും ഹാരി രാജകുമാരനും വിദ്യാഭ്യാസം നേടിയ ബ്രിട്ടീഷ് മിലിട്ടറി സ്കൂളിൽ അദ്ദേഹവും കുറച്ചുകാലം പഠിച്ചിട്ടുണ്ട്.

‘ജീവിതയാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു വരി പോലും എഴുതാറില്ലെന്നാ’ണ് താൻ കുറിക്കുന്ന കവിതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സോഷ്യൽ മീഡിയയിലും സജീവം. പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം ഷെയ്ഖ് മുഹമ്മദ് ലോകവുമായി സംവദിക്കുന്നത് ട്വിറ്ററിലൂടെയാണ്. 9.34മില്യൺ ഫോളോവേഴ്സാണ് ഇപ്പോൾ അദ്ദേഹത്തിന് ട്വിറ്ററിലുള്ളത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ രൂപകൽപനയിലും അദ്ദേഹവും പങ്കാളിയായിരുന്നു. ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും നീളമുള്ളതും മനോഹരവുമായ കെട്ടിടമാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് തീരുമാനിക്കുന്നതോടെയാണ് 160 നിലകളിലേക്ക് അത് ഉയർന്നത്.

സ്ത്രീയെ ശാക്തീകരിക്കുന്നതിലൂടെ സമൂഹത്തെയാണ് ശാക്തീകരിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ഈ വർഷം ഏപ്രിലിലാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യവേതനം നടപ്പാക്കണമെന്ന നിയമം അദ്ദേഹം പാസാക്കിയത്. യു എ ഇയുടെ വികസനത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം ഉറപ്പാക്കണമെന്ന് ആയിരുന്നു ആവശ്യം.