റിയാലിനു പതിനെട്ടരക്കടുത്ത് വിനിമയ നിരക്ക്; മാസാവസാനമായതോടെ പ്രതീക്ഷയോടെ പ്രവാസികൾ

മാസവസാനം ആയതോടെ പ്രവാസികളിൽ നല്ലൊരു വിഭാഗം നിലവിലെ വിനിമയ നിരക്ക് തുടരണമേ എന്ന പ്രാർഥനയിലാണു. കാരണം രൂപക്ക് ഡോളറുമായുള്ള വിനിമയ നിരക്കിൽ വൻ ഇടിവ് വന്നതിനാൽ റിയാലുമായും ദിർഹവുമായുമുള്ള വിനിമയ നിരക്കിലും പ്രവാസികൾക്ക് വലിയ നേട്ടമാണു ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ മണി ട്രാൻസ്ഫർ കേന്ദ്രത്തിൽ ഒരു റിയാലിനു 18.46 ആയിരുന്നു വിനിമയ നിരക്ക്. ഓൺലൈൻ വിനിമയ നിരക്കിൽ ഇന്ന് ഒരു റിയാലിനു 18.64 വരെ ലഭിക്കുന്നുണ്ട്. എന്നാൽ എക്സേഞ്ച് സെൻ്ററുകളിൽ ഈ നിരക്ക് ലഭ്യമാകില്ല.

വിനിമയ നിരക്കിലെ ഇടിവ് തുടർന്നാൽ ശംബളം കിട്ടുംബോൾ അത്യാവശ്യം ചെലവുകളും മറ്റും കഴിച്ച് ബാക്കി വരുന്ന തുകയിൽ നിന്നും മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലെക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ കാത്തിരിക്കുന്നവരും ഉണ്ട് . ആഗസ്ത് മദ്ധ്യത്തോടെയായിരുന്നു പ്രളയം എന്നതിനാൽ പലരുടെയും പക്കൽ പണമില്ലാത്തത് പണം അയക്കുന്നത് ശംബളം ലഭിക്കുന്ന അവസരത്തിലേക്ക് മാറ്റി വെക്കാൻ പലരെയും നിർബന്ധിതരാക്കിയിട്ടുണ്ട്.

മാസം പകുതിയായിട്ട് പോലും യുഎഇ ,കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് ലുലു മണി എക്സേഞ്ച് വഴി മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 3 കോടിയിൽ പരം രൂപയാണു ഒഴുകിയത്. ലുലു ഇതിനുള്ള സർവീസ് ചാർജ്ജ് ഒഴിവാക്കിയതും വലിയ പ്രോത്സാഹനമായിരുന്നു.

ഗൾഫ് പ്രവാസികൾക്കു സംജാതമായിട്ടുള്ള വിവിധ രീതികളിലുള്ള അമിതച്ചെലവ് പലർക്കും തിരിച്ചടിയാകുന്നുണ്ടെങ്കിലും വിനിമയ നിരക്കിലെ മാറ്റം നാട്ടിലേക്ക് അയക്കുന്ന ചെറിയ റിയാലും ദിർഹമും വലിയ സംഖ്യയായി മാറാൻ സഹായിക്കുമെന്നത് വലിയ ആശ്വാസമാണു.